വാഷിംഗ്ടൺ ഡിസി: റഷ്യയെ സാമ്പത്തികമായി പൂട്ടാനായി കൊണ്ടുവന്ന ‘100% തീരുവ’ ബില്ലിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 100 ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങൾക്കുമേൽ ചുമത്തണമെന്ന് പ്രസിഡന്റ് ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്.
റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡോയിലും മറ്റ് ഊർജ ഉത്പന്നങ്ങളും വാങ്ങുന്ന രാജ്യങ്ങൾ, കമ്പനികൾ, ബാങ്കുകൾ, ഷാഡോ കപ്പലുകൾ, ഇടപാട് നടത്തുന്ന വ്യക്തികൾ എന്നിവർക്കെതിരെ ഉപരോധം ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബില്ലാണിത്. ഇന്ത്യയും ചൈനയും അടക്കം അഞ്ചോളം രാജ്യങ്ങൾ പട്ടികയിലുണ്ടെന്നാണ് വിവരം.
തീരുവ കാട്ടി വിരട്ടേണ്ടെന്നും 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് വലുതെന്നും കഴിഞ്ഞദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു. മാത്രമല്ല, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഒരാഴ്ചയ്ക്കകം യുഎസിൽ എത്താനിരിക്കേയുമാണ് ബില്ലിൽ ട്രംപ് ഒപ്പുവച്ചത്.
ബിൽ സെനറ്റിൽ 11ന് എതിരെ 86 വോട്ടുകൾക്കും ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ 159ന് എതിരെ 262 വോട്ടുകൾക്കും പാസായിരുന്നു. കടുത്ത റഷ്യൻ വിമർശകനായിരുന്ന അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികൾ വരുത്തി യുഎസ് പാസാക്കിയത്. 500 ശതമാനം തീരുവ ചുമത്തണമെന്നായിരുന്നു ഗ്രഹാമിന്റെ വാദം. ഇതാണ് 100 ശതമാനമായി കുറച്ചത്.